Thursday, 21 March 2013

ഈ കവിതാ ദിനത്തിൽ പ്രിയപ്പെട്ടവൾക്കായി


------------------------

ആവണിപ്പൂക്കള്‍ വിരിഞ്ഞതിലാദ്യമായീ 
നിന്‍ മുഖം ഞാനന്നു കണ്ടു 
പാലൊളി ചന്ദ്രിക പെയ്തതിലാദ്യമായീ
നിന്‍ ചിരി ഞാനന്നു കണ്ടു.

(ആവണിപ്പൂക്കള്‍)

പാടും മുളം കുഴല്‍ തണ്ടിലന്നാദ്യമായീ
നിന്‍ സ്വരം ഞാനന്നു കേട്ടു.
സന്ധ്യ ചിരിച്ച കവിളിലന്നാദ്യമായി 
നാണത്തിന്‍ താമര കണ്ടു. 

(ആവണിപ്പൂക്കള്‍)

കരളിലെ മോഹങ്ങള്‍ പൂവണിയുന്നത് 
നിന്‍ നീല മിഴികളില്‍ കണ്ടു.
മാറില്‍ മയങ്ങിയ രാവിലിന്നദ്യമായീ
നിന്നിലെയെന്നെ ഞാന്‍ കണ്ടു.

(ആവണിപ്പൂക്കള്‍)

സൂര്യകമല




-----------------
ഇന്നലെ രാവില്‍ നീല നിലാവിൽ 
ചാരത്തിരുന്നു നീ മോഹനരാഗത്തിൽ 
രാഗാദ്രമാമൊരു ശീലു പാടി
ഒരു പ്രേമക്കഥയുടെ പാട്ടുപ്പാടി.

(ഇന്നലെ) 

സൂര്യനെ മോഹിച്ച താമരപ്പെണ്ണിൻ 
ഉള്ളം കുളിര്‍ത്തൊരു കഥപ്പാടി 
അവളുടെ പ്രണയത്തിലുരുകിയൊലി ച്ചൊരു 
സൂര്യ മനസ്സത്തിൻ നോവുപ്പാടി 

(ഇന്നലെ) 

പാറിപറന്നുപോം പ്രണയസ്വപ്നങ്ങളെ 
ഓരോ ദളത്തിലും നിറച്ചുവെച്ചു
അവൾ ഓരോ കിനാക്കളും കൊരുത്തുവെച്ചു 
നിണം വാര്‍ന്നൊഴുകിയ സന്ധ്യകളില്‍ 
ഓരോ ഇതളും കൊഴിഞ്ഞു വീണു.
ഓരോ കിനാക്കളും ഉതിർന്നു വീണു 

(ഇന്നലെ)

Friday, 28 December 2012

നഷ്ടം


ഒരു നോവുണരുന്നുയെന്‍ മിഴിപ്പീലിയില്‍
നിദ്ര  തളം കെട്ടി നില്‍ക്കെ.
ഒരു കാറ്റണയുന്നു കടലിന്റെ മാറില്‍ നിന്നു
എന്നെ തലോടി കടന്നുപോയീ.
ജാലകപ്പഴുതിലൂടെന്‍മിഴിക്കോണിലൊരു 
നിശാഗന്ധി ഇതള്‍ വിടര്‍ത്തി.
കായല്‍ പരപ്പില്‍ താളം പിടിക്കുന്ന 
തുഴയുടെ രാഗമകന്നു നിന്നു. 
കാര്‍മുകില്‍ പാളിയില്‍ മുഖമൊളിപ്പിച്ചു 
ആതിരാ തിങ്കള്‍ മറഞ്ഞു  നിന്നു.

ഒരു നോവുണരുന്നുയെന്‍ മനക്കാമ്പില്‍ 
ഞാനറിയാതെയിതള്‍ വിടര്‍ത്തി .
രാഗങ്ങളെല്ലാം പറന്നകന്നോരെന്‍ 
വീണയില്‍ ഞാനൊരു ശ്രുതിയോരുക്കി.
സ്നേഹത്തില്‍ തന്ത്രികള്‍ മീട്ടുവാനായൊരു 
ഗായിക എന്നില്‍ വിരുന്നിനെത്തി.
ശുദ്ധ രാഗത്തില്‍ ഞാന്‍ കോര്‍ത്ത വാക്കുകള്‍ 
ഗാനങ്ങളായവള്‍ ആലപിച്ചു.

പിന്നെയേതോരു രാത്രി സ്വപ്നത്തിന്റെ 
ചിറകേറി എങ്ങോ മറഞ്ഞു പോയി.  
വര്‍ണ്ണ  ചിറകുകള്‍ വീശിപ്പറന്നവള്‍
എങ്ങോ മറഞ്ഞിന്നകന്നു പോയീ.
ഒരു നോവുണരുന്നുയെന്‍ മിഴിപ്പീലിയില്‍
നിദ്ര  തളം കെട്ടി നില്‍ക്കെ.
ഒരു രാത്രി മായുന്നു യാമങ്ങള്‍ താണ്ടി 
ഒരു ദിവാസ്വപ്നത്തെ ഞാനും പുണരുന്നു  

മണ്‍ മറയുന്ന മലയാളം




മണ്‍ മറയുന്ന നാടിന്റെ നന്മകള്‍ 
മനസ്സില്‍ വിടരുന്നു  പൂക്കളായി 

ഒഴുകിയകലുന്ന മേഘങ്ങള്‍ പോലെ 
നോവിന്റെയലകടല്‍ തിരികളായി. 

മലരണിക്കാടുകള്‍ മാമലമേടുകള്‍ 
നീലക്കുറിഞ്ഞിയും മുണ്ടകന്‍ പാടവും 

കായല്‍ത്തിരകളും  കല്പവൃക്ഷങ്ങളും
പള്ളിയോടങ്ങളും തുമ്പക്കുടങ്ങളും.

സുഗന്ധം പരത്തുന്ന പാലമരങ്ങളും
പീലി വിടര്‍ത്തുന്ന കേരനിരകളും 

മന്ദമൊഴുകുന്ന തോടും പുഴകളും
കുളിര്‍ത്തണലേകുന്ന അരയാല്‍ത്തറകളും.

കണികണ്ടു ഉണരുന്ന മണിക്കിടങ്ങളും
വെള്ളാമ്പല്‍ വിരിയുന്നയാമ്പല്‍ കുളങ്ങളും 

തുമ്പികള്‍ പാറുന്ന കൊച്ചു തൊടികളും 
മുക്കുറ്റിപ്പൂക്കുന്ന ഇടവഴിയോരവും.

വഞ്ചി തുഴയുമ്പോള്‍ പാടുന്നോരീണവും
താളം പിടിക്കുന്ന പാണ്ടി പഞ്ചാരിയും 

തലയില്‍ തിടമ്പേറ്റി നില്‍ക്കുന്നോരാനയും 
പുള്ളുവര്‍ പാടുന്ന നാഗത്തറകളും 

ചിങ്ങക്കതിരോളി  പൂക്കുന്ന സന്ധ്യയും
തിരുവാതിര പാട്ടോഴുകുന്ന രാത്രിയും.

ശരണം വിളികളും കുരുത്തോല പെരുന്നാളും 
സ്നേഹമാശംസിക്കും ഈദിന്‍ പുലരിയും.

കളങ്കമില്ലാത്ത നാളിന്റെ ഓര്‍മ്മയില്‍ 
ജന്മങ്ങള്‍ തോറും കൊതിക്കുന്ന സ്വപ്നമായെത്തുന്ന

ഓണപ്പുലരിയും മാവേലി മന്നനും
ഓര്‍മ്മയില്‍ തെളിയുന്നു നാടിന്റെ നന്മ മുഖങ്ങളായി.  

നോക്കുകുത്തി




വരണ്ട നാവില്‍ വെള്ളം നനച്ചു 
അവളുടെ ആത്മദാഹം തീര്‍ത്തു 
ഗര്‍ഭ പാത്രത്തിലോട്ടു  ഭ്രൂണത്തെ 
വാരിയെറിഞ്ഞു.

മരുന്നും മന്ത്രവും കരുതലും 
കൊടുത്തു പരിപാലിച്ചു 
കൊണ്ടുനടന്നു.

അവളുടെ വേദനകളില്‍ 
വേവലാതികളില്‍ ദുരിതങ്ങളില്‍ 
നിഴലായി അത്താണിയായി  
കൂട്ടുകിടന്നു.

കനത്ത മഴയിലും കൊടും മഞ്ഞിലും
കടുത്ത വേനലിലും അവള്‍ക്കു 
കാവലായി.

പെറെടുപ്പിനു നാട്ടില്‍ വയറ്റാട്ടികളെ
തെരഞ്ഞു  നടന്നപ്പോള്‍
അവര്‍ മുത്തശ്ശിക്കഥകളിലെ 
നിധി കാക്കുന്ന ഭൂതങ്ങളായി  
മാറിക്കഴിഞ്ഞിരുന്നു.

പിന്നെ പട്ടണത്തില്‍ നിന്നും 
കീറിമുറിക്കുന്ന കത്തികളുള്ള
വൈദ്യന്മാരെ കൂട്ടി  ചെലാളന്മാരെത്തി .

പെറ്റിട്ട കുട്ടികളെ ചാക്കുകളില്‍ 
പൊതിഞ്ഞു വലിയ വള്ളങ്ങളില്‍ 
കടത്തികൊണ്ടു പോയപ്പോള്‍ 
കാവല്‍ നിന്ന ഞങ്ങള്‍ മാത്രം 
ഈ വഴിയില്‍ നോക്കുകുത്തികള്‍.     

യേശു എന്തായിരുന്നു.





അഞ്ചപ്പം  അന്നദാനമാക്കി
അയ്യായിരം പേരുടെ വിശപ്പകറ്റി
അത്ഭുതം സൃഷ്ടിച്ചവന്‍.      

മണ്ണിലെ തെറ്റുകള്‍  മുള്‍ക്കിരീടമാക്കി
നിനക്കു സന്തോഷങ്ങള്‍ നല്‍ക്കാന്‍  
ശിരസ്സിലേറ്റിയോന്‍.

എന്റെ  പാപങ്ങളെ  അടയാളങ്ങളാക്കി  
മരക്കുരിശു  രൂപത്തില്‍ ചുമലിലേറ്റി 
ജീവിതത്തിന്റെ അങ്ങേ തലക്കല്‍ 
മുഖാമുഖം ദര്‍ശിച്ചവന്‍.

വിശ്വാസത്തിന്റെ  വില 
മലയുടെ ചലനത്തില്‍ 
നിന്നെ ബോധ്യ പ്പെടുത്തിയവന്‍.  

രക്ത പങ്കില പാപങ്ങള്‍ക്ക്‌ 
മാലാഖയുടെ ചിറകുകള്‍ 
നല്‍കി പറത്തി വിട്ടവന്‍.

സ്നേഹത്തിനു പ്രപഞ്ചത്തെ 
പിടിച്ചു  നിര്‍ത്താന്‍  കെല്പുപ്പുണ്ടെന്നു
പാഠമോതിതന്നവന്‍.

എന്നിട്ടുമെനിക്കു നിന്നെ  
മനസ്സിലാക്കാന്‍ കഴിഞ്ഞില്ല.    

മഴക്കാലം - കഥ




മഴത്തുള്ളികള്‍ക്കൊപ്പം  കുപ്പിവളകള്‍ കിലുക്കിക്കൊണ്ട് , പ്രതീക്ഷിക്കാതിരിക്കെ
അവള്‍ ചോദിച്ചു. 

''ഈ മഴത്തുളികളെ പോലെ നീഎന്നെ സ്നേഹിക്കുന്നുണ്ടോ''.

പിന്നെ  എന്റെ  മിഴികളില്‍ നോക്കിയവള്‍ ഇരുന്നു. മൌനത്തിന്റെ നീളം കൂടിക്കൂടി 
വരവേ ക്ഷമകെട്ടു വീണ്ടും അവള്‍ പുലമ്പി.

''എന്റെ ജീവിതം  പോലെ ഭൂമിയുടെ മാറിലേക്ക്‌  അലിഞ്ഞിറങ്ങുന്ന മഴത്തുള്ളികള്‍ അല്ലെ".

മനസ്സില്‍ ചലനമുണ്ടാക്കിയ ഒരു വാചകം. മൌനത്തിനു വിരാമിട്ടു കൊണ്ട് പറഞ്ഞു.

''മഴ'' ഭൂമിയുടെ നിശ്വാസങ്ങള്‍  ആണ് . അവളുടെ മനസ്സിലെ  അരൂപികളായ സ്വപ്‌നങ്ങള്‍ 
ആണ് . ശമിക്കാത്ത ആത്മ ദാഹങ്ങള്‍ ആണ്. 

അവള്‍ പറത്തിവിട്ട മോഹങ്ങളേ   തിരികെ  വാങ്ങുന്നു അവള്‍. പക്ഷെ  നീ ....

നീയെനിക്കു  മഴക്കപ്പുറമുള്ള പ്രതീക്ഷയും  മഴയ്ക്ക് ശേഷമുള്ള നിശബ്ദതയും ആണ്.

പിന്നെ അവള്‍ അവിടെ ഇരുന്നില്ല മഴതുള്ളികള്‍ക്കൊപ്പം ഭൂമിയുടെ ഹൃദയത്തിലോട്ടു 
അലിഞ്ഞുപോയ്. ഒരു പഴയ മഴക്കാല പുഴയോരവും കുത്തിയോഴുകുന്ന പുഴയും 
മനസ്സില്‍ ബാക്കി നിര്‍ത്തികൊണ്ട്‌.