Friday, 28 December 2012

നഷ്ടം


ഒരു നോവുണരുന്നുയെന്‍ മിഴിപ്പീലിയില്‍
നിദ്ര  തളം കെട്ടി നില്‍ക്കെ.
ഒരു കാറ്റണയുന്നു കടലിന്റെ മാറില്‍ നിന്നു
എന്നെ തലോടി കടന്നുപോയീ.
ജാലകപ്പഴുതിലൂടെന്‍മിഴിക്കോണിലൊരു 
നിശാഗന്ധി ഇതള്‍ വിടര്‍ത്തി.
കായല്‍ പരപ്പില്‍ താളം പിടിക്കുന്ന 
തുഴയുടെ രാഗമകന്നു നിന്നു. 
കാര്‍മുകില്‍ പാളിയില്‍ മുഖമൊളിപ്പിച്ചു 
ആതിരാ തിങ്കള്‍ മറഞ്ഞു  നിന്നു.

ഒരു നോവുണരുന്നുയെന്‍ മനക്കാമ്പില്‍ 
ഞാനറിയാതെയിതള്‍ വിടര്‍ത്തി .
രാഗങ്ങളെല്ലാം പറന്നകന്നോരെന്‍ 
വീണയില്‍ ഞാനൊരു ശ്രുതിയോരുക്കി.
സ്നേഹത്തില്‍ തന്ത്രികള്‍ മീട്ടുവാനായൊരു 
ഗായിക എന്നില്‍ വിരുന്നിനെത്തി.
ശുദ്ധ രാഗത്തില്‍ ഞാന്‍ കോര്‍ത്ത വാക്കുകള്‍ 
ഗാനങ്ങളായവള്‍ ആലപിച്ചു.

പിന്നെയേതോരു രാത്രി സ്വപ്നത്തിന്റെ 
ചിറകേറി എങ്ങോ മറഞ്ഞു പോയി.  
വര്‍ണ്ണ  ചിറകുകള്‍ വീശിപ്പറന്നവള്‍
എങ്ങോ മറഞ്ഞിന്നകന്നു പോയീ.
ഒരു നോവുണരുന്നുയെന്‍ മിഴിപ്പീലിയില്‍
നിദ്ര  തളം കെട്ടി നില്‍ക്കെ.
ഒരു രാത്രി മായുന്നു യാമങ്ങള്‍ താണ്ടി 
ഒരു ദിവാസ്വപ്നത്തെ ഞാനും പുണരുന്നു  

മണ്‍ മറയുന്ന മലയാളം




മണ്‍ മറയുന്ന നാടിന്റെ നന്മകള്‍ 
മനസ്സില്‍ വിടരുന്നു  പൂക്കളായി 

ഒഴുകിയകലുന്ന മേഘങ്ങള്‍ പോലെ 
നോവിന്റെയലകടല്‍ തിരികളായി. 

മലരണിക്കാടുകള്‍ മാമലമേടുകള്‍ 
നീലക്കുറിഞ്ഞിയും മുണ്ടകന്‍ പാടവും 

കായല്‍ത്തിരകളും  കല്പവൃക്ഷങ്ങളും
പള്ളിയോടങ്ങളും തുമ്പക്കുടങ്ങളും.

സുഗന്ധം പരത്തുന്ന പാലമരങ്ങളും
പീലി വിടര്‍ത്തുന്ന കേരനിരകളും 

മന്ദമൊഴുകുന്ന തോടും പുഴകളും
കുളിര്‍ത്തണലേകുന്ന അരയാല്‍ത്തറകളും.

കണികണ്ടു ഉണരുന്ന മണിക്കിടങ്ങളും
വെള്ളാമ്പല്‍ വിരിയുന്നയാമ്പല്‍ കുളങ്ങളും 

തുമ്പികള്‍ പാറുന്ന കൊച്ചു തൊടികളും 
മുക്കുറ്റിപ്പൂക്കുന്ന ഇടവഴിയോരവും.

വഞ്ചി തുഴയുമ്പോള്‍ പാടുന്നോരീണവും
താളം പിടിക്കുന്ന പാണ്ടി പഞ്ചാരിയും 

തലയില്‍ തിടമ്പേറ്റി നില്‍ക്കുന്നോരാനയും 
പുള്ളുവര്‍ പാടുന്ന നാഗത്തറകളും 

ചിങ്ങക്കതിരോളി  പൂക്കുന്ന സന്ധ്യയും
തിരുവാതിര പാട്ടോഴുകുന്ന രാത്രിയും.

ശരണം വിളികളും കുരുത്തോല പെരുന്നാളും 
സ്നേഹമാശംസിക്കും ഈദിന്‍ പുലരിയും.

കളങ്കമില്ലാത്ത നാളിന്റെ ഓര്‍മ്മയില്‍ 
ജന്മങ്ങള്‍ തോറും കൊതിക്കുന്ന സ്വപ്നമായെത്തുന്ന

ഓണപ്പുലരിയും മാവേലി മന്നനും
ഓര്‍മ്മയില്‍ തെളിയുന്നു നാടിന്റെ നന്മ മുഖങ്ങളായി.  

നോക്കുകുത്തി




വരണ്ട നാവില്‍ വെള്ളം നനച്ചു 
അവളുടെ ആത്മദാഹം തീര്‍ത്തു 
ഗര്‍ഭ പാത്രത്തിലോട്ടു  ഭ്രൂണത്തെ 
വാരിയെറിഞ്ഞു.

മരുന്നും മന്ത്രവും കരുതലും 
കൊടുത്തു പരിപാലിച്ചു 
കൊണ്ടുനടന്നു.

അവളുടെ വേദനകളില്‍ 
വേവലാതികളില്‍ ദുരിതങ്ങളില്‍ 
നിഴലായി അത്താണിയായി  
കൂട്ടുകിടന്നു.

കനത്ത മഴയിലും കൊടും മഞ്ഞിലും
കടുത്ത വേനലിലും അവള്‍ക്കു 
കാവലായി.

പെറെടുപ്പിനു നാട്ടില്‍ വയറ്റാട്ടികളെ
തെരഞ്ഞു  നടന്നപ്പോള്‍
അവര്‍ മുത്തശ്ശിക്കഥകളിലെ 
നിധി കാക്കുന്ന ഭൂതങ്ങളായി  
മാറിക്കഴിഞ്ഞിരുന്നു.

പിന്നെ പട്ടണത്തില്‍ നിന്നും 
കീറിമുറിക്കുന്ന കത്തികളുള്ള
വൈദ്യന്മാരെ കൂട്ടി  ചെലാളന്മാരെത്തി .

പെറ്റിട്ട കുട്ടികളെ ചാക്കുകളില്‍ 
പൊതിഞ്ഞു വലിയ വള്ളങ്ങളില്‍ 
കടത്തികൊണ്ടു പോയപ്പോള്‍ 
കാവല്‍ നിന്ന ഞങ്ങള്‍ മാത്രം 
ഈ വഴിയില്‍ നോക്കുകുത്തികള്‍.     

യേശു എന്തായിരുന്നു.





അഞ്ചപ്പം  അന്നദാനമാക്കി
അയ്യായിരം പേരുടെ വിശപ്പകറ്റി
അത്ഭുതം സൃഷ്ടിച്ചവന്‍.      

മണ്ണിലെ തെറ്റുകള്‍  മുള്‍ക്കിരീടമാക്കി
നിനക്കു സന്തോഷങ്ങള്‍ നല്‍ക്കാന്‍  
ശിരസ്സിലേറ്റിയോന്‍.

എന്റെ  പാപങ്ങളെ  അടയാളങ്ങളാക്കി  
മരക്കുരിശു  രൂപത്തില്‍ ചുമലിലേറ്റി 
ജീവിതത്തിന്റെ അങ്ങേ തലക്കല്‍ 
മുഖാമുഖം ദര്‍ശിച്ചവന്‍.

വിശ്വാസത്തിന്റെ  വില 
മലയുടെ ചലനത്തില്‍ 
നിന്നെ ബോധ്യ പ്പെടുത്തിയവന്‍.  

രക്ത പങ്കില പാപങ്ങള്‍ക്ക്‌ 
മാലാഖയുടെ ചിറകുകള്‍ 
നല്‍കി പറത്തി വിട്ടവന്‍.

സ്നേഹത്തിനു പ്രപഞ്ചത്തെ 
പിടിച്ചു  നിര്‍ത്താന്‍  കെല്പുപ്പുണ്ടെന്നു
പാഠമോതിതന്നവന്‍.

എന്നിട്ടുമെനിക്കു നിന്നെ  
മനസ്സിലാക്കാന്‍ കഴിഞ്ഞില്ല.    

മഴക്കാലം - കഥ




മഴത്തുള്ളികള്‍ക്കൊപ്പം  കുപ്പിവളകള്‍ കിലുക്കിക്കൊണ്ട് , പ്രതീക്ഷിക്കാതിരിക്കെ
അവള്‍ ചോദിച്ചു. 

''ഈ മഴത്തുളികളെ പോലെ നീഎന്നെ സ്നേഹിക്കുന്നുണ്ടോ''.

പിന്നെ  എന്റെ  മിഴികളില്‍ നോക്കിയവള്‍ ഇരുന്നു. മൌനത്തിന്റെ നീളം കൂടിക്കൂടി 
വരവേ ക്ഷമകെട്ടു വീണ്ടും അവള്‍ പുലമ്പി.

''എന്റെ ജീവിതം  പോലെ ഭൂമിയുടെ മാറിലേക്ക്‌  അലിഞ്ഞിറങ്ങുന്ന മഴത്തുള്ളികള്‍ അല്ലെ".

മനസ്സില്‍ ചലനമുണ്ടാക്കിയ ഒരു വാചകം. മൌനത്തിനു വിരാമിട്ടു കൊണ്ട് പറഞ്ഞു.

''മഴ'' ഭൂമിയുടെ നിശ്വാസങ്ങള്‍  ആണ് . അവളുടെ മനസ്സിലെ  അരൂപികളായ സ്വപ്‌നങ്ങള്‍ 
ആണ് . ശമിക്കാത്ത ആത്മ ദാഹങ്ങള്‍ ആണ്. 

അവള്‍ പറത്തിവിട്ട മോഹങ്ങളേ   തിരികെ  വാങ്ങുന്നു അവള്‍. പക്ഷെ  നീ ....

നീയെനിക്കു  മഴക്കപ്പുറമുള്ള പ്രതീക്ഷയും  മഴയ്ക്ക് ശേഷമുള്ള നിശബ്ദതയും ആണ്.

പിന്നെ അവള്‍ അവിടെ ഇരുന്നില്ല മഴതുള്ളികള്‍ക്കൊപ്പം ഭൂമിയുടെ ഹൃദയത്തിലോട്ടു 
അലിഞ്ഞുപോയ്. ഒരു പഴയ മഴക്കാല പുഴയോരവും കുത്തിയോഴുകുന്ന പുഴയും 
മനസ്സില്‍ ബാക്കി നിര്‍ത്തികൊണ്ട്‌. 

ജനുവരിയുടെ ദുഖം

രണ്ടു മുഖങ്ങളെന്റെ ഉടലിനോടു 
ചേര്‍ത്തുവെച്ച ദൈവത്തിനോടെനിയ്ക്കു 
പകയാണ് .

വര്‍ത്തമാനകാലത്തില്‍
പാദങ്ങളൂന്നി  ഭൂതകാലത്തിന്റെ 
മുഴുവന്‍ ദുരന്തങ്ങളെയും
മനസ്സിലേറ്റി സന്തോഷത്തിന്റെ
നിമിഷങ്ങളെ ആവാഹനം ചെയ്തു
ചിരിക്കാനൊരു മുഖം തന്നതിന്.

പിന്നോട്ടും മുന്നോട്ടുമാടുന്നയൊരു 
പെന്‍ഡുല മനസും നാല് മിഴികള്‍ 
ചേര്‍ത്തുവെച്ചെന്നെയൊരു
കണ്ണാടിയാക്കിയത്തിനു.  

പിന്തിരിഞ്ഞു നോക്കുമ്പോള്‍ കാണുന്ന
നിഴലുകള്‍ നോവുകള്‍ പിന്നെയതിന്റെ 
പേരില്‍ തീറ്റിപ്പോറ്റിയ ബാധ്യതകള്‍.

കനത്ത മൂടല്‍ മഞ്ഞിന്റെ മാറില്‍ നിന്നു
ഉയര്‍ന്നു കേള്‍ക്കുന്ന ദീനവിലാപങ്ങള്‍  
കാമവെറിയുടെ ചോരപ്പാടുകള്‍. 

അതിനെതിരെ ഉയരുന്ന യുവമനസുകളുടെ
പ്രതിഷേധത്തിന്റെ മുറവിളികള്‍
മിഴികളില്‍ നന്മയുടെ മരം വളര്‍ത്തുന്നു.

ഭാവിയിലോട്ടു നീളുന്ന മുഖത്തില്‍ 
ഉറപ്പിച്ചു  നിര്‍ത്തിയ മിഴികളില്‍
കാഴ്ചകള്‍  അവ്യക്തയുടെ മൂടല്‍മഞ്ഞില്‍ 
ദൃഷ്ടി ഗോചരമല്ലാത്ത സ്ഥൂലസൂക്ഷമ 
ശരീരികള്‍  നിറഞ്ഞാടിയ വീഥികള്‍ പോലെ.

ശിഥിലമായ  വിജനാമായ ഭാവിയുടെ 
ഇരുണ്ട  ഇടനാഴികളില്‍ ഭയപ്പെടുത്തുന്ന 
നിരാശയുടെ പാദ ചലനങ്ങള്‍  .

കടല്‍ കടന്നോടിയടുക്കുന്ന ദുഷ്ടതകള്‍
ഭീതിയോടെ ഭാവിയെയുറ്റു നോക്കുന്ന
യുവത്വങ്ങള്‍,  ഭയത്തെ
പുണരുന്ന അമ്മ മുഖങ്ങള്‍.

ഇതെന്നുമിനി   ആവര്‍ത്തിക്കില്ല 
എന്നൊരു  നിശ്ചയമില്ലാത്ത 
മേലാളന്‍മ്മാര്‍ക്കു കീഴെ 
ഉറപ്പില്ലാത്ത അസ്ഥിവാരത്തില്‍ 
കഴിയാന്‍ വിധിക്കപ്പെട്ടവരുടെ 
നിഷ്കളങ്ക മുഖങ്ങള്‍ 
കനത്ത ഭാരം ചുമലീലേ ന്തി
നടന്നു നീങ്ങുന്ന മനസ്സുകള്‍. 

അപ്പോള്‍ ഞാന്‍ അറിയാതെ  
ദൈവത്തെ ശപിക്കുന്നു. 
രണ്ടു മുഖങ്ങളെന്റെയുടലില്‍ 
ചേര്‍ത്തുവെച്ചതിനു.

ഇഹത്തിലും പരത്തിലുമെന്റെ
സ്വസ്ഥതകള്‍ നശിപ്പിച്ചതിന് 
പ്രതീകരിക്കാത്ത മനസ്സുകളള്‍ക്ക്   
സ്തുതി പാടേണ്ടി വരുന്നതിന് .

തിരിച്ചു പോക്ക്




ഇന്നാണ്  ശരിയ്ക്കും ഞാന്‍ 
അവനെ കുറിച്ചു ചിന്തിച്ചത് .

അവനെനിയ്ക്ക്  എത്രത്തോളം 
പ്രിയപ്പെട്ടതെന്നു  ഞാന്‍ 
തിരിച്ചറിഞ്ഞത്. 

ഇന്ന്  കുറച്ചുമുന്നേ വരെ 
അവന്‍ എന്റെ ജീവിതത്തിലോ 
ചിന്തകളിലോ ഇല്ലായിരുന്നു.

പക്ഷെയിപ്പോള്‍  അവനെഞാന്‍ 
അവനെ ആഗ്രഹിക്കുന്നു.
അവന്റെ കരസ്പശനത്തിനു 
തയാറെടുക്കുന്നു.

നോവുകള്‍ കൊടുമുടിയായി 
വളരുന്ന മനസ്സില്‍, 
ഇഷ്ടങ്ങളുടെ  നഷ്ടങ്ങള്‍ 
ഗുണിതങ്ങളായി പടരുമ്പോള്‍ 
ജീവിതത്തിന്റെയര്‍ത്ഥമെനിക്കു 
മനസിലാകുന്നു ശൂന്യതയെന്നു.

നൊമ്പരത്തിന്റെ കിളിക്കൂടുകള്‍ 
ഒരുക്കി ദുരന്തങ്ങള്‍ കാവലിരിക്കുന്ന 
മനസ്സ്  ശാപം   ആണെന്ന്.

വിശ്വാസത്തിന്റെ കൈത്തിരികള്‍ 
അണയുമ്പോള്‍  ദൂ രെ നിന്നും
ഇരുളിന്റെയാകാശം  കുടനിവര്‍ത്തുന്നു.

പിന്നെ മുന്നില്‍ തെളിയുന്ന
ഇടവഴിയിലൂടെ  കപടലോകത്തിന്റെ 
അതിര്‍ത്തികള്‍ താണ്ടി സുതാര്യമായ
ലോകത്തു ചിറകുകള്‍ ഇല്ലാതെ 
പറന്നു നടക്കാമെനിയ്ക്ക്.