Friday, 19 October 2012

ഭാരതം കേഴുന്നു





അയോധ്യ ഒരുവന്യമാം ദു:ഖമായി 
നീറുമെന്നോര്‍മ്മയില്‍
ഗിരിമകുട ശൈത്യമായി.



പാടും പനങ്കിളിച്ചുണ്ടിലൊരു
തേന്മൊഴി തേടും പതിതയായി 
ഞാനിന്നലയുന്നു.


രാമും റഹീമും ഇരുകൈകളില്‍ 
തൂങ്ങി തേങ്ങിക്കരയുന്നു
അമിഞ്ഞപ്പാലിനായി.


തേടട്ടെ ഞാനിത്തിരി
നിണം ചേരാകുടിനീര്‍
കോരിക്കൊടുക്കട്ടെ അവര്‍തന്‍ 
ദാഹം അകറ്റുവാന്‍.



നീറുന്നുയെന്‍മനം നിങ്ങളെ ഓര്‍ത്തു
വേവുന്നോരാവിയില്‍ ഉരുകുന്നുഞാനും
എങ്ങിനെ നിങ്ങള്‍ക്കു മാറാന്‍ കഴിയുന്നു 
എങ്ങിനെ നിങ്ങള്‍ പോരടിക്കുന്നു.



ഒഴുകും സരയൂ നീ സാക്ഷി നില്‍ക്കെ 
ചൊല്ലുന്നു ഞാനെന്റെ മക്കളോടായി
പോവുക നിങ്ങളാപ്പുണ്യ ഭൂമിയില്‍ 
ശാന്തി തന്‍ പാഞ്ചജന്യം മുഴക്കുക.



അതുകേട്ടു വിടരട്ടെ അവള്‍തന്‍
കണ്ണില്‍ നീലാംബരി 
പൊഴിയട്ടെ അവള്‍ തന്‍ 
മൊഴികളില്‍ സ്നേഹഗീതങ്ങളും.



ഒഴുകട്ടെ സ്നേഹത്തിന്‍ 
തെളിനീരുരവകള്‍ 
പടരട്ടെ നീളെയതിന്‍ പ്രതിധ്വനികള്‍.



വെടിയാം നമുക്കിനി മനസ്സിന്‍ 
അപഥ സഞ്ചാരങ്ങളെ 
തടയാം നേര്‍വഴി നടത്താം 
വീറെഴും ചോരത്തളപ്പിനെ.



ആളുന്നോരഗ്നിയില്‍ വേവുമെന്‍ മാറിടം
ആറിത്തണുക്കെട്ടെ ഞാനും മയങ്ങട്ടെ

എന്റെ സ്വപ്നം



------------------
ഒരുനേര്‍ത്ത നിലാവിന്റെയോരത്തു നിന്നു
ഞാന്‍ കണ്ട സ്വപ്നങ്ങള്‍ക്കെന്തു ഭംഗി.
കാര്‍മേഘമുഖപടം തോല്ലോന്നൊതുക്കി
താരകള്‍ മേല്ലെയോന്നെത്തി നോക്കി.
രാവാം ഉടയാടയിതള്‍ ഞൊറിഞ്ഞു 
ഭൂമി മംഗല്യപ്പട്ടുടുത്തു.
സ്വപ്നങ്ങള്‍ വര്‍ണ്ണ ചിറകുകള്‍ വീശി 
ചിത്ര ശലഭങ്ങളായി പറന്നു.
വാര്‍മഴവില്ലിന്നഴകുകളൊക്കെയും
പുരികക്കൊടികളില്‍ ചേര്‍ത്തുവെച്ചു.
കണികണ്ടുണരുവാന്‍ വിളിച്ചുണര്‍ത്തീടുവാന്‍
സൂര്യബിംബത്തെ ഒരുക്കിവെച്ചു.
അഴകെഴും നുണക്കുഴി കവിളിലണിയുവാന്‍
ചെന്നിണ നിറമൂറും സന്ധ്യ ഒരുങ്ങി നിന്നു.
പിച്ചക വാനമോരുക്കിയ പന്തലില്‍ 
അമ്പിളി താലവുമായി നടന്നു വന്നു.
കടലിന്നഗാധത കരിനീല മിഴികളില്‍ 
എഴുതുവാന്‍ അഞ്ജനക്കൂട്ടായി ഒരുക്കി വെച്ചു.
തിറയെടുത്താടുവാന്‍ പടയണി താളങ്ങള്‍ 
മേളലയങ്ങളായി ഓര്‍ത്തു വെച്ചു.
പാദസ്വരങ്ങളായി പാദങ്ങള്‍ചൂഴുവാന്‍
കാട്ടുപ്പൂഞ്ചോലകള്‍ മത്സരിച്ചു.
ഋതുക്കളോരുക്കിയ സ്വയംവര പന്തലില്‍ 
മണവാട്ടിയായി അവളിരുന്നു.

ഇഷ്ടം



------

ഇഷ്ടം നിന്നെയെനിക്കിന്നെറെയിഷ്ടം
നിന്റെയീ കിളിക്കൊഞ്ചലേറെയിഷ്ടം

പരിഭവം ചുവക്കുമീക്കവിളിണയും
മധുമഴപ്പൊഴിയുമീ ചൊടിയിതളും 
ഇഷ്ടം എനിക്കേറെ ഇഷ്ടം

കണ്‍മഷിയെഴുതിയ മിഴിയിണയില്‍
വിടരുന്ന സ്വപ്നങ്ങളെറെയിഷ്ടം.

അലകള്‍ ഞൊറിയുന്ന ചുരുള്‍മുടിയില്‍ 
ചൂടും ദശപ്പുഷപം ഇന്നെനിക്കെറെയിഷ്ടം.

പാരിജാതത്തിന്റെ പരിശുദ്ധിയെറുന്ന
വെള്ളാമ്പല്‍ വിടരും മനസ്സുമിഷ്ടം.

ഒരു കൊച്ചുകുഞ്ഞിന്റെ കൌതുകം പേറുന്ന 
ഈ മുഖശ്രീയിന്നു ഏറെയിഷ്ടം.

പാല്‍നിലാപ്പൂമഴ പുഞ്ചിരിയും നിന്റെ 
നാണം പൂവിട്ട ഭാവങ്ങളും. 

ഇഷ്ടം എനിക്കിന്നേറെയിഷ്ടം നിന്നെ 
എന്തിനെക്കലുമിന്നെറെയിഷ്ടം.

പുളിയിലക്കരമുണ്ടില്‍ മൂടിവെയ്ക്കും നിന്റെ
മുഗ്ധസൌന്ദര്യമിന്നെറെയിഷ്ടം.

അഴകേറും സ്വപ്‌നങ്ങള്‍ പൂമാല കോര്‍ക്കുന്ന 
മിഴിയിണപ്പീലിയുമേറെയിഷ്ടം.

തെന്നല്‍ തലോടുമ്പോളിളകി തെറിക്കുന്ന 
അളകങ്ങള്‍ കാണുവാനേറെയിഷ്ടം.

ആലിലക്കൊത്തൊരുയണിവയറും
ചെന്താമരമൊട്ടു മാറിടവും.

ഇഷ്ടം എനിക്കിന്നേറെയിഷ്ടം നിന്നെ 
എന്തിനെക്കലുമിന്നെറെയിഷ്ടം.

എന്‍ തലവിധി



------------------------
സാരംഗിയിലൊരു 
ഭൂപാളരാഗമായി
ഇടക്കയിലിടറുന്ന
സോപാനഗീതമായി 
ആത്മാവിലെന്നെപ്പുണര്‍ന്നു
നീ നില്‍ക്കവേ
കാര്‍മേഘ പടലങ്ങള്‍
അകലുന്നു മാനം തെളിയുന്നു, 
മാരിവില്ലഴക്കായി ചക്രവാളത്തില്‍ 
സന്ധ്യ സിന്ദുരം നില്‍ക്കുന്നു. 

അറിവിന്നുണര്‍വായി 
പുണ്യതീര്‍ത്ഥങ്ങളായി
അക്ഷരജ്ഞാനമായി 
സങ്കിര്‍ത്തനങ്ങളായി.
ഭൂമിയതിനച്ചുത്തണ്ടില്‍
തിരിയവേ ഉതിരുന്ന
ഓംങ്കാര ശബ്ധത്തിലുണരുന്ന
ജീവ പ്രപഞ്ചവും
പ്രപഞ്ചഘോഷങ്ങളും. 
സത്യവും ധര്‍മ്മവും
ചൂണ്ടാണി വിരലില്‍ 
തിരിയുന്ന ചക്രത്തിന്‍
ഗതിവേഗമാകവേ
അറിയുന്നു ഞാനെന്റെ
നാരായവേരുകള്‍ 
തെരയുന്നു ഞാനെന്റെ 
ജാതകക്കെട്ടുകള്‍ 
അണിയുന്നു ഞാനെന്റെ
കര്‍മ്മദോഷങ്ങളെ
ചാര്‍ത്തുന്നു നിറുകയില്‍
തലവരക്കുറിയായി 
വിധിയായി നിന്‍ കളിപ്പാട്ടമായി.

ഒരു സ്വപ്ന ദര്‍ശനത്തില്‍



----------------------------------

പാബ്ലെ നെരുദയും ഞാനുമോന്നിച്ചൊരു 
സായഹ്നമിന്നലെ പങ്കുവെച്ചു.
സന്ധ്യയിലന്തിക്കതിരോനണക്കുന്ന 
ചെങ്കനല്‍ ചൂളയ്കരുകിലായി. 

ഒരു ഗാഡനിദ്രയെന്നെപ്പുണരവേ
ഒരുനല്ലസ്വപ്നത്തില്‍ ഞാനലഞ്ഞു.
വെള്ളക്കുതിരകളേഴു വലിക്കുന്ന
സൂര്യരഥത്തില്‍ വന്നിറങ്ങി. 

ആളുന്ന ചിന്തയില്‍ സൂര്യതാപത്തിന്‍റെ
പന്തം കൊളുത്തുവാന്‍ വന്നിറങ്ങി 
അതിലോരു പന്തംക്കൊളുത്തിയെന്‍ 
കൈകളില്‍ മുറുകെപ്പിടിക്കുവാന്‍ തന്നു. 

അലറുന്ന ആഴിത്തിരമാല പോലെന്നില്‍ 
വാക്കുകള്‍ ഓരോന്നായി ചേര്‍ത്തുവെച്ചു. 
ആലിലച്ചാര്‍ത്തിന്‍റെ സംഗീതം പോലെന്നില്‍ 
മോഹന രാഗമായി പെയ്തിറങ്ങി.

കത്തും മിഴികളില്‍ കണ്ടു ഞാനുജ്ജ്വാല 
തീവ്രപ്രഭയാര്‍ന്നോരഗ്നിഗോളം .
കേട്ടു ഞാന്‍ കാതിലിരമ്പിത്തകര്‍ക്കുന്ന
ഇടിമുഴക്കങ്ങള്‍ പോലുള്ള വാക്കുകള്‍.

ഞെട്ടിത്തരിക്കുന്നു ആകാശക്കോട്ടകള്‍ 
കൊട്ടിയടക്കുന്നു സാമ്രാജ്യ കോട്ടകള്‍.
അരവയര്‍പ്പട്ടിണിക്കാരന്റെ മുന്നില്‍ 
അന്നമായി മാറുന്ന വാക്കുകള്‍ കണ്ടു ഞാന്‍.

വിടരുന്ന ചുണ്ടില്‍ നിന്നുതിരുന്ന വാക്കുകള്‍
മിന്നല്‍പ്പിണറുപ്പോല്‍ ചിതറി വീണു.
ഒരുവര്‍ഷമേഘത്തെ കൂട്ടുപിടിച്ചവ
പുത്തനുണര്‍വായി പെയ്തിറങ്ങി.

അന്നത്തെയന്നം തേടുന്ന മിഴികളില്‍ 
നാളത്തെ സ്വപ്നമായിപ്പൂത്തിറങ്ങി.
ഉള്ളിന്റെയുള്ളില്‍ മയങ്ങിക്കിടക്കുന്ന 
മോഹങ്ങള്‍ ഒന്നായി ഇതള്‍വിടര്‍ത്തി.

പാബ്ലെ നെരുദയും ഞാനുമോന്നിച്ചൊരു 
സായഹ്നമിന്നലെ പങ്കുവെച്ചു.
സന്ധ്യയിലന്തിക്കതിരോനണക്കുന്ന 
ചെങ്കനല്‍ ചൂളയ്കരുകിലായി.

ഉയരാത്ത കൈയും പറയാത്ത നാവും
അടിമത്തമെന്നു പറഞ്ഞോര
ധീരന്‍റെ ജീവിത - മെന്‍ 
ഹൃദയത്തിലിന്നു നീ കോറിയിട്ടു. 

എവിടെയാണെങ്കിലും നിന്‍ചിന്ത നിന്‍സ്വന്തം 
പണയപ്പെടുത്തെരുതാര്‍ക്കും 
എന്നോരോര്‍മ്മക്കുറിപ്പുമായി
എന്നെയാശ്ലേഷിച്ചു യെന്‍ക്കാതിലോതി നീ. 

പണയപ്പെടുത്താം നിനക്കവര്‍ക്കായി
നിന്‍ ചിന്തയും എഴുത്തോലയും ജീവനും
നിന്നില്‍ വിമോചനം കാണുന്നോരാള്‍ക്കായി.
നിന്നിലഭയം തേടുന്നോരാള്‍ക്കായി

പാബ്ലെ മടങ്ങുന്നുയെന്നെ തനിച്ചാക്കി 
ദൂരെയാവാനിലിരുന്നു ചിരിക്കുന്നു.
കാണുന്നു ഞാനിന്നു രണ്ടു സൂര്യന്മാരെ
കത്തിക്കരുതാര്‍ന്ന രണ്ടഗ്നിഗോളങ്ങള്‍.

ഈശ്വരെന്റെ മനസ്സ് തുറന്നപ്പോള്‍.



******************************

നക്ഷത്രങ്ങളുടെ കാവലില്‍ 
സ്വര്‍ഗ്ഗത്തിലേക്കുള്ള നടപ്പാതയുടെ 
വലതുവശം ചേര്‍ന്നു നടന്നപ്പോള്‍
പിന്തിരിഞ്ഞു നോക്കാന്‍ നീ 
ശ്രമിച്ചതാണുനിന്റെ വലിയ അപരാധങ്ങളിലോന്ന്.

സത്യന്യായങ്ങളുടെ അപ്പോസ്തലെന്റെ കാല്‍ക്കീഴില്‍
അടുക്കിവെച്ചിരിക്കുന്ന പഴയോലക്കെട്ടുകളിനീന്റെ 
ജന്മരഹസ്യങ്ങള്‍ അടക്കം ചെയ്തിരിക്കുന്നു. 

ഭിത്തികളില്‍ ആലേഖനം ചെയ്തിരിക്കുന്ന മഹത് വചനങ്ങള്‍
മിഴികളിലുടക്കിക്കിടന്നപ്പോള്‍ മനസ്സിലുണര്‍ന്നത്
അവതാര മുഖങ്ങളും പ്രവാചകജന്മങ്ങളും.

ജനനമെന്ന വിഭാഗിയതക്കും പിന്നെ മരണമെന്ന
അതിസൂക്ഷ്മമായ സത്യത്തിനുമിടയിലുള്ള
പരിണാമത്തിന്റെ യാത്രയാണ് ജീവിതമെന്നു
പറഞ്ഞുതാരാതെ മറിച്ചു പ്രപഞ്ചമെന്ന
മഹാസാഗരത്തിന്റെ മനസിലാകാത്തയാദ്യ 
കണികയെ കുറിച്ചും ചിന്തിക്കാന്‍ പ്രേരിപ്പിച്ചു.

പിന്നെയൊരു സൂര്യോദയത്തിലുണര്‍ന്ന ചിന്തയില്‍
തെളിഞ്ഞ പ്രകാശത്തില്‍ സത്യത്തിന്റെ മുഖംമൂടി
വലിച്ചു കീറാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍നിന്റെ നാവിനെബന്ധിച്ചു.
പിന്നെ ഞാന്‍നിന്റെ കാതിലോതി തന്നുനീന്നെ 
നിരക്ഷരനാക്കി ഭീതിപ്പെടുത്തുന്ന ശിക്ഷാവിധിയുടെ കലവറകള്‍. 

ഓരോ ജന്മങ്ങളും പിറവിയെടുക്കുമ്പോള്‍
മറുപിള്ളയായി കൂടെകൂടുന്നു പാപങ്ങള്‍.
പാപങ്ങള്‍ ഉണ്ടായാല്‍ മാത്രമേ പുണ്യങ്ങള്‍ക്ക്
പ്രസക്തിയുള്ളൂയെന്നു കണ്ടറിഞ്ഞ ഞാന്‍ 
ജീവിതത്തില്‍ ഊരാക്കുടുക്കുകള്‍ തീര്‍ത്തു
പിന്നെയതിലെക്കുനിന്നെ നീയറിയാതെ 
കുടുക്കുകളഴിച്ചു മുന്നോട്ടു നീങ്ങാന്‍ പ്രേരിപ്പിച്ചു
ഓരോ പാപത്തിലെക്കു നിന്നെ വഴികാട്ടി നയച്ചു.

ജീവിതത്തിലെയോരോ കരുനീക്കങ്ങളിലും ചതുരംഗപ്പലകയിലെ 
ചതിക്കുഴികള്‍ ഞാന്‍ ഒരുക്കിവെച്ചിരുന്നു വലിയ വാരിക്കുഴികള്‍പോലെ.
എന്നിട്ടും എന്നെനീ വിശ്വസിച്ചടുത്താണുനിന്റെ അപചയത്തിന്റെ 
ഹരി ശ്രീ കുറിക്കപ്പെട്ടത് . 

ഇന്നുയീ അരമരമതിലിന്റെയുള്ളില്‍ എന്റെ കണക്കുപുസ്തകത്തിലെ 
വിധിന്യായങ്ങള്‍ നീന്റെ തലവിധിയായ് ഞാന്‍ വരച്ചിടുമ്പോള്‍
ചിരിക്കുകയാണ് ഞാന്‍ നിന്റെ പരാധീനതകള്‍ ഓര്‍ത്തുകൊണ്ട്‌. 

ഒരു വലിയ ജനസഞ്ചയത്തിന്റെ പിന്തുണയെന്നും എനിനക്കുണ്ട്‌, 
ഉണ്ടായിരുന്നു പല നിറത്തിലുമനവധി വിശ്വാസങ്ങളിലും കൂടി 
കാലാകാലമായി ഞാനതു സ്വന്തമാക്കി നിലനിര്‍ത്തി.
എനിനക്കെതിരെ ഉയര്‍ന്നനാവുകളെ ചോദ്യങ്ങളെ
ഞാനെന്‍ന്റെ അനുയായികളെ കൊണ്ട് അടിച്ചമര്‍ത്തി.

പിന്നെ ഞാന്‍ പറഞ്ഞു നിന്റെ പാപങ്ങള്‍
നിന്നെപ്പൊതിയുമ്പോള്‍ നീ അറിയാതെ പോവുന്ന
ചില സത്യങ്ങള്‍ നിന്നെ തേടിയെത്തുന്ന കര്‍മ്മങ്ങള്‍ 
അതില്‍ കുടിയിരിക്കുന്ന പാപഗ്രഹങ്ങള്‍ 
അങ്ങിനെയെന്തെല്ലാമാകാശവാണികള്‍.

നിനക്കായി ഞാനൊരുക്കിയ കുടിലതന്ത്രങ്ങളില്‍
നീയറിയാതെ നടന്നു കയറുമ്പോള്‍ ഞാനീ
സ്വര്‍ണ്ണമേടയിലിരുന്നു നിന്റെ വിധിയോര്‍ത്തു പൊട്ടിച്ചിരിക്കുമ്പോള്‍ 
നിനക്കതുടിമുഴക്കങ്ങളായിക്കാതുകളില്‍ നിറയും 
പിന്നെ മിന്നല്‍പ്പിണറുകളയി നിന്റെ കണ്ണുകളില്‍ പടരും.

സൂര്യനും ഞാനും




--------------------------------
ഒന്നിലും ഒന്നും കണ്ടെത്താനാവാതെ 
ചിതെലെടുത്തു തുടങ്ങിയ 
എന്‍റെ ചിന്തയില്‍ 
ഉദിച്ച ചെങ്കനല്‍ സൂര്യന്‍
ഉണര്‍ത്തി വിട്ട ഉന്മാദത്തിനു 
അസുരത്താളത്തിന്‍റെ ചടുലത.



കത്തിയാളുന്ന സൂര്യമുഖത്തിനു

നേരെ ഞാനെന്‍റെ കണ്ണുകള്‍ 
തുറന്നു പിടിച്ചപ്പോള്‍ 
ഉരുകിയൊലിക്കുന്നയെന്‍റെ
ഉള്‍ത്തടങ്ങളിലെ വിഹ്വലതകള്‍ 
നൊമ്പരത്തിന്‍റെ ഇതള്‍വിടര്‍ത്തി.


സ്വയം കത്തിയമരുന്നുവെന്ന
ഉള്‍ബോധത്തിന്‍റെ തിരിച്ചറിവിലും 
എരിഞ്ഞടങ്ങുന്ന ആയുസ്സിന്‍റെ 
നീളം തിട്ടപ്പെടുത്തിയിട്ടും നീ 
എനിക്കുവേണ്ടി ഉണരുന്നു.



നിന്‍റെ പൊലിഞ്ഞു തീരുന്ന സ്വപ്നങ്ങളുടെ
അവശേഷിപ്പുകള്‍ ചിതാധൂളികളായി
നിന്‍റെ മാറിലെ സൂര്യകളങ്കങ്ങളായി
മുദ്ര കുത്തപ്പെടുമ്പോള്‍ 
ഞാനറിയുന്നു അതുനീ 
എനിക്കുവേണ്ടി ഹോമിച്ച 
ഹവിസ്സുകള്‍ ആയിരുന്നുയെന്ന്.



ഉണര്‍വിന്‍റെ പാതയിലെക്കെന്നെ 
വിളിച്ചുണര്‍ത്തി 
അതിജീവനത്തിന്‍റെ പാഠങ്ങള്‍
ഉരുവിട്ടു തന്നു നീ നടന്നു നീങ്ങുമ്പോള്‍,
സഹജീവനത്തിന്‍റെ ബോധതലത്തില്‍ 
പാദങ്ങള്‍ ഉറപ്പിച്ചു നിര്‍ത്താന്‍ 
വെളിച്ചം പകര്‍ന്നു തന്നുനീ
ആഴക്കടല്‍ മാറില്‍ മയങ്ങുബോള്‍, 
ഇരുട്ടിന്റെ മറവില്‍ ഞാന്‍
ചോരക്കു കൊതിക്കുന്നു 
മാനത്തിനു ഭംഗം വരുത്തുന്നു.



വന്‍കുഴികളിലേക്കുള്ള വീഴ്ചകളില്‍ 
നിന്നുള്ള ഉയര്‍ത്തപ്പെടാലാണ്
ജീവിതമെന്നുക്കാട്ടി തന്നിട്ടുമെന്തേ 
നന്നാവാതെ കുടിലതകളില്‍ കുടുങ്ങി
ഇങ്ങിനെ.



Thursday, 18 October 2012

മോഹം



-------
യദുകുല നാഥന്റെ മുരളികയില്‍ 
ഒരു പൊന്‍കതിരായി വിടര്‍ന്നെങ്കില്‍ 
കാളിന്ദിതീരത്തെ കടമ്പിന്‍പ്പൂവിനെ
പുണരുന്ന ശലഭമായി പിറന്നെങ്കില്‍
( യദുകുല )

നറു വെണ്ണ പ്പോലെന്റെയുള്ളില്‍ ശ്രുതിമീട്ടും
മീരതന്‍ ഭക്തിയായി മാറിയെങ്കില്‍ 
മാറത്തെവിയര്‍പ്പിനാല്‍ നാറും സതീര്‍ഥ്യനാം 
കുചേലനായിയെനിക്കൊരു ജന്മം തരുമോ നീ

(യദുകുല)

അത്താഴപ്പട്ടിണിക്കാരനാണെങ്കിലും 
നിന്‍ നാമം പാടി ഞാന്‍ ഉറങ്ങുമല്ലോ
പൂന്താനമായിയൊരു ജന്മം തരുമെങ്കില്‍ 
നിന്‍ അപദാനങ്ങള്‍ പാടുമല്ലോ

(യദുകുല) 

തുളസിക്കതിരായി നെയ്യിത്തിരിനാളാമായി
പൈക്കിടാവോന്നായി പൊന്നോടക്കുഴലായി
തിരുമുടിയില്‍ ചാര്‍ത്തുന്നപ്പീലിത്തണ്ടായി
തിരുമാറില്‍ ദശപ്പുഷ്പ വനമാലയായി.

പ്രത്യാശ



======

ഇന്നീ നിലവിലും, 
കത്തുന്ന വെയിലിലും,
മൂളുന്ന കാറ്റിലും, 
നുരയുന്ന തിരയിലും,
ഉറയുന്ന മഞ്ഞിലും, 
തിരെയാം നമുക്കിനി.

മിഴിനീരൊഴിഞ്ഞ
മിഴികളില്‍ തളരുന്ന
നിറം മാഞ്ഞ സ്വപ്‌നങ്ങള്‍
വെടിയാം.

കഥ തീര്‍ന്ന രംഗങ്ങള്‍
മായ്ക്കാം, കരങ്ങളില്‍ 
കത്തുന്ന പന്തങ്ങളേന്താം. 

മിഴി തുറക്കട്ടെ 
വഴിയില്‍ നിശാഗന്ധി, 
പിന്‍വിളിവിളിക്കട്ടെ
മുന്‍ജന്മപാപങ്ങള്‍, 
പാടിയുറങ്ങട്ടെ തൊടികളില്‍
പാതിരാപ്പുള്ളൂകള്‍,.
മുന്നില്‍ നമുക്കൊരു
ലക്ഷ്യമുണ്ടോര്‍ക്കുക.

പുലരാനിരിക്കുന്ന പുത്തന്‍
പുലരിയെ കാണുവാന്‍ 
കണികണ്ടുണാരാന്‍. 

മിഴികള്‍ തുറക്കാം നമുക്കിനി
തുറന്നിരിക്കാം, പീലികള്‍ 
ചിമ്മാതെ കാത്തിരിക്കാം. 

പിടയുന്ന മിഴികള്‍ക്കും 
പൊള്ളുന്ന നെഞ്ചിനും 
കത്തുന്ന വയറിനും
തുണയായി. 

പാറിപറക്കുന്ന ശുദ്ധ 
സ്നേഹത്തിന്‍റെ 
പൊന്‍ക്കതിര്‍ പൊന്‍കൊടി
വാനിലുയര്‍ത്തിപ്പിടിക്കാം.

തിരിച്ചറിവ്




ആദിയും അന്ത്യവുമില്ലാതെ അനന്തമായി 
നീളുന്നയാത്രയുടെയിരുണ്ട ഗുഹമുഖത്തുനിന്നും 
വനാന്തരഗര്‍ഭത്തിലൂടെ ഇഴഞ്ഞുംവലിഞ്ഞും 
കണ്ടെത്തിയ പൊള്ളുന്ന പരമാര്‍ത്ഥങ്ങള്‍..

ആവെളിച്ചം ചിന്തയിലുരുണ്ടുകൂടിയപ്പോള്‍ 
അനിവാര്യമായയൊരുയാത്രയെ പറ്റിചിന്തിച്ചു.
ഇടയ്ക്കിടെയുയരുന്ന കുന്നുകളുമഗാധഗര്‍ത്തങ്ങളും
ശാന്തമായസമതലങ്ങളും കടന്നുള്ളയൊരുപ്രയാണം. 

സന്ധ്യയുടെ നിറംമങ്ങിയ മുഖകാന്തിയില്‍
സ്വച്ഛമായിയോഴുകിയ നദീത്തീരങ്ങളില്‍
കൂടുകൂട്ടിമയങ്ങവേ മനസ്സില്‍ കുടിയേറി
വംശപുനരുധരണത്തിന്റെ സംഗീതതാളം.

ബോധമണ്ഡലത്തില്‍ ചിന്തയുടെവലകള്‍
നെയ്തുതുടങ്ങിയപ്പോളോരു കോണില്‍ 
അഞ്ജതയുടെ മണ്‍പുറ്റുകളുയര്‍ന്നു.
വെളിച്ചത്തിനൊപ്പം ഇരുട്ടും കുടിയേറി.

ഉടച്ചുയര്‍ന്ന മനസ്സിന്‍റെ മുന്നിലമ്പേറ്റുവീണു 
പിടഞ്ഞപ്പക്ഷിയുടെ ജീവനില്‍ക്കൊതിയോടെ 
നോക്കിയചെകുത്താനോടുള്ള പ്രതിക്ഷേധം
നോവായിയാദി കവിതയായി.

നിദ്രാവസ്ഥയില്‍ നിന്നുമുണര്‍ന്നപ്പോള്‍ 
നിലനില്‍പ്പിന്‍റെ വേരുകള്‍ മനസ്സിലായി. 
മരത്തിനുപ്പി ന്നില്‍ ഒളിഞ്ഞിരുന്നാദ്യ
ഒളിയമ്പുവിട്ടു ശത്രുവിന്‍റെശത്രുമിത്രം.

അമരത്വംനേടാന്‍ പ്രകൃതിയെ കടഞ്ഞു
അവളുടെയുദരത്തില്‍ നിന്നുമോലിച്ചിറങ്ങിയ 
രസങ്ങളില്‍ താളം കണ്ടെത്തിയപ്പോളവളുടെ 
ജീവനാഡികളുടെ നീരോട്ടത്തിനു വിലക്കേര്‍പ്പെടുത്തി.

അവളുടെജീവാണുക്കളെ വിഘടിപ്പിച്ചു
അഗ്നിയുടെ കൊടുമിടികള്‍ ഒരുക്കിവെച്ചു.
വിണ്ണവര്‍ക്കു മൂന്നടിമണ്ണു നല്‍കി മനസ്സിനെ
വിശ്വാസങ്ങളുടെ ചങ്ങലകളില്‍ ബന്ധിച്ചു.

പിന്നെ പിരമിഡുകള്‍ തീര്‍ത്തു നിശബ്ധരാക്കി.
അംബരചുംബികളുടെ മട്ടുപ്പാവിലിരുന്നു 
നക്ഷത്രങ്ങളെ അമ്മാനമാടിയപ്പോളറിഞ്ഞില്ല
താന്‍ എന്താണെന്നുമെങ്ങിനെയാണെന്നും. 

ഒരുകാറ്റിന്‍റെ, ഒരുത്തിരയിളക്കത്തിന്‍റെ
ഭൂമിയുടെ ഒരുക്കൊച്ചുനിശ്വാസത്തിന്‍റെ 
പ്രകമ്പനം മതിയെന്‍റെ നിസ്സാരതയും 
അല്പത്വവും അളക്കനെന്നു.