----===----
പഥികാ -- നീ നടക്കുക
സന്ധ്യയിലീവീഥിതന്നോരം ചേര്‍ന്നു
ഓര്‍മ്മതന്‍ തിളക്കവും പഴക്കവും
ചിന്തയിലാട്ടി നീ നടക്കുക.
കാണാം വശങ്ങളില്‍ ചിത്രങ്ങളേറെ
തിരയാം നിനക്കതില്‍ തെളിയും
വര്‍ണ്ണങ്ങള്‍ മാഞ്ഞതും മായാത്തതും
വിധിയെ പഴിക്കുന്ന നാവിനെ പിന്നെ
വിധാവിനെ തോല്‍പ്പിക്കും മനസ്സിന്‍ക്കരുത്തിനെ.
തുടയ്ക്കാം നിനക്കിനിക്കണ്ണുനീര്‍ ചാലുകള്‍
നിവേദിക്കാം പുതിയ നൈവേദ്യങ്ങള്‍.
ചാരുതയാര്‍ന്ന സ്വപ്നങ്ങളേകീ
പകരാം നിനക്കു പ്രതീക്ഷതന്‍ നാളങ്ങള്‍.
ആളുന്ന ചിതകളിലെരിയുന്ന മോഹങ്ങള്‍ക്കു
വായ്ക്കരിയിട്ടു നടക്കാം നിനക്കിനി
പിന്നെ മനസ്സില്‍ നിറയ്ക്കാമാവന്റെ മോഹങ്ങളേ
ചിന്തയില്‍ രാകിപ്പതം വരുത്താം.
പഥികാ - കാണാം നിനക്കിനി
പുലരിതന്‍ തീരം ചേര്‍ന്നു നടക്കാവേ
പൂവിടുംവയലുകള്‍ ഈണം മുഴങ്ങും
വയല്‍പ്പാട്ടുകള്‍ - കാവുകള്‍
തുടിക്കും പു ളിനത്തിലോഴുകും കാളിന്ദികള്‍.
വിറയ്ക്കും കരത്തിനാല്‍ തണലേകി നിന്നെ
തിരയും മിഴികളില്‍ സ്വാന്ത്വനമാകുക
തളരുന്ന പാദങ്ങള്‍ക്കാശ്രയമാവുക.
വിടരട്ടെ നീളെ സ്നേഹത്തിന്‍ മന്ദാരങ്ങള്‍
ഉണരട്ടെ ശുദ്ധ മനസ്സിന്‍ പുലരികള്‍
ഒരു നവയുഗ ജനതയെ വാര്‍ത്തെടുക്കുവാന്‍
പഥികാ നീ നടക്കുക വീണ്ടുമീ വീഥിയില്‍.
പുതിയോരോടക്കുഴലുമായി.
No comments:
Post a Comment