**************
വാണീപതിയുടെ വാക്കുകളില്‍
വിശ്വസിച്ചു സ്വപ്നങ്ങള്‍ സ്വരൂക്കൂട്ടി
കള്ളസാക്ഷ്യം പറഞ്ഞതിനു
പകരം നല്‍കേണ്ടിവരുക
സ്വപ്നങ്ങളും മോഹങ്ങളും
വിടര്‍ന്നു തുടങ്ങിയീ ജന്മമാവും
എന്നറിഞ്ഞിരുന്നില്ല.
നാലു ദിക്കുകളമഷ്ട നേത്രങ്ങള്‍
കൊണ്ടുനോക്കിക്കണ്ടിരുന്ന സൃഷ്ടിനാഥന്റെ
വാക്കുകള്‍ക്കു കാതുകള്‍ കൊടുത്തപ്പോള്‍
നഷ്ടപ്പെടുത്തേണ്ടിവന്നു സ്വന്തമസ്ഥിസ്ത്വം.
മനസ്സില്‍ നിറഞ്ഞുനിന്ന സ്നേഹത്തിനു
സുഗന്ധമെറെയുണ്ടായിട്ടും
പരിത്യജിക്കപ്പെട്ടവള്‍.
ദേവപാദങ്ങളില്‍ സായൂജ്യമടയാന്‍
ജന്മങ്ങള്‍ക്കാത്തിരുന്നു കിട്ടിയനിമിഷം
പ്രലോഭനത്തില്‍ പാഴാക്കിയവള്‍.
അലക്കിത്തേച്ചുമടക്കി വെച്ചിരിക്കുന്ന
പട്ടുവസ്ത്രങ്ങള്‍ക്കു സുഗന്ധമേവാന്‍
ജിവിതം വിധിക്കപ്പെട്ടവള്‍.
പിന്നെ കരിമൂര്‍ഖന്മാരുടെ രതിലീലക്കള്‍ക്ക്
ചാരുത പകരാന്‍ കഥകളിള്‍ വേഷം
കെട്ടി ജീവിതം നേദിക്കേണ്ടിവന്നവള്‍.
തോട്ടുവക്കിലും കുളക്കടവിലും
പൊന്തക്കാടുകളിലും പൂത്തുലഞ്ഞു
നിറയൌവനത്തെ ഓര്‍ത്തു
വിലപിക്കുന്ന ഒരു ജന്മം.
കാര്‍മേഘത്തിന്റെ മറവില്‍
ആതിരയോളിക്കുമ്പോള്‍
അവള്‍ കാണാതെ മിഴിനീര്‍
തുടച്ചവളോടു കിന്നാരം പറയുമ്പോഴും
ഉള്ളിലെരിയുന്ന നെരിപ്പോടില്‍
ദു:ഖത്തിന്റെ കനല്‍ നീറ്റുന്നവള്‍
തന്റെ സുരഭിലസുഗന്ധം വില്‍ക്കാനായി
കാറ്റു കൈകളിലേറ്റി കയല്‍പ്പരപ്പിലൂടെ
നടന്നുപോവുമ്പോഴും മനസ്സില്‍ നിന്നും
അടര്‍ന്നു വീഴുന്ന നെടുവീര്‍പ്പുകളില്‍
നഷ്ടങ്ങള്‍ മാത്രം.
തിരസ്കരിക്കപ്പെട്ട സ്നേഹത്തിന്റെ
അവഗണിക്കപ്പെട്ട അവകാശത്തിന്റെ
ശാപമോക്ഷം കിട്ടാത്ത ജന്മത്തിന്റെ
പരിപൂര്‍ണ നാശത്തില്‍ ഗതികിട്ടാതെ
അലയുന്ന ഒരു മനസിന്റെ തേങ്ങല്‍.

Great................
ReplyDelete