----------------------
ഓര്‍മ്മകളുടെ പഴയോലക്കെട്ടുകളില്‍
ചിലതിനു പനനീരിന്റെ സുഗന്ധം
ഉഷ്മളതയും ഉണ്ടായിരുന്നു.
പലതിനും കാഞ്ഞിരത്തിന്റെ
സൌഹൃദമായിരുന്നുയെന്നോട്.
വാര്‍ത്തമാനകാലത്തിന്റെ
നേര്‍കാഴ്ചകളുടെ അതിര്‍വരമ്പുകള്‍
കടന്നു മനസ്സ് ഭൂതക്കാലത്തിലോട്ടു
ചേക്കേറുമ്പോള്‍ വിടരുന്ന ഭംഗി
ഗ്രാമവിശുദ്ധിയുടെ അടയാളങ്ങളായി
മനസ്സില്‍ നിറയുന്നു.
വംശനാശം സംഭവിച്ച നന്മയുടെ
വേരുകള്‍ അന്വേഷിച്ചൊരു
യാത്രയാണ് എനിക്കീ ഭൂതക്കാലത്തിലോട്ടുള്ള
കൂടുമാറ്റം ഒപ്പം ദുരന്തങ്ങളുടെ സഹശയനവും.
നാട്ടുവഴികളിലൂടെ തോട്ടുവരമ്പിലൂടെ
കിന്നാരം പറഞ്ഞു മനസ്സങ്ങിനെ
കടിഞ്ഞാണ്‍ ഇല്ലാത്ത കുതിരയായി
പായുമ്പോള്‍ പറന്നകന്ന
ഓണപ്പുലരികളും വിഷുപക്ഷിയും
ഓര്‍മ്നകളില്‍ കൂടുകൂട്ടുമ്പോള്‍
കാറ്റ് കൂട്ടികൊണ്ട് വരുന്നമഴയ്ക്കു
മുന്നേ ഓടിയേത്താറുള്ള കൌതുകവും
മനസ്സില്‍ ചേക്കേറുന്നു.
തൊടിയിലെ മാക്കൊമ്പിലിരുന്നു
ചരിഞ്ഞു നോക്കുന്ന കാക്കയും
കാണാമറയത്തിരുന്നു പാടുന്ന കുയിലും
ചാടിയോടുന്ന അണ്ണാനും
കലിപിലക്കൂട്ടുന്ന കുരുവിക്കൂട്ടങ്ങളും.
മഞ്ഞക്കീരീടം ചൂടി തലയാട്ടുന്ന പുഞ്ചവയലും
അവക്കിടയിലൂടെ നീണ്ടുപോവുന്ന
കറുക വരമ്പും ചെറു ചാലുകളുമതിലെ
ചാടിമാറിയുന്ന പരല്‍മീനുകളും
ചക്രം ചവുട്ടൂന്ന ചെറുമനും.
കോലായിലിരുന്നു മുറ്റത്തേക്കുനീട്ടി
മുറുക്കി തുപ്പുന്ന മുത്തശ്ശനുമരുകെ
ചവുട്ടു തിണ്ണയില്‍ ഇരുന്നന്തിത്തിരി
തെറുക്കുന്ന മുത്തശ്ശിയും സര്‍പ്പക്കവുമെല്ലാം.
ദീപാരാധനയും നാമ ജപങ്ങളും
പള്ളിമണിയും ബാങ്ക് വിളിയും
എല്ലാം മനസ്സിന്റെ നല്ലോര്‍മ്മകള്‍.
കുഴലൂതി പാമ്പിനെ പോലെ
ചീറ്റി പാഞ്ഞുപോയ ആവിവണ്ടിയുടെ
മുന്നില്‍ ജീവിതം ദാനം കൊടുത്ത
ഭാരതിച്ചേച്ചിയുടെ തെളിഞ്ഞു വരുന്ന മുഖം
മനസ്സില്‍ ഗ്രാമത്തിന്റെ ആദ്യ കളങ്കമായിമാറി.
അക്ഷരങ്ങളുടെ സഹയാത്രികനായ അച്ഛന്‍,
ആകാശ ഗോപുരങ്ങളിളല്ല ജീവിതം
മണ്ണിലാണെന്നുക്കാട്ടിതന്ന ജേഷ്ടന്‍,
പൂമ്പാറ്റയെ പോലെ പാറി നടന്ന ഡോള്ളൂട്ടി,
സ്നേഹത്തിന്റെ തലോടലായ അമ്മ,
കാലം കവര്‍ന്നെടുത്ത സ്നേഹങ്ങള്‍.
എത്രയെത്ര വേര്‍പാടുകളുടെ മുഖങ്ങള്‍
മനസ്സില്‍ തെളിഞ്ഞു വരുന്നു.
ഓര്‍മ്മകളുടെ പഴയോലക്കെട്ടുകളില്‍
കാഞ്ഞിരത്തിന്റെ സൌഹൃദമായിരുന്നു.
ഏറെയും ഓര്‍മ്മതാളുകളില്‍.
No comments:
Post a Comment