-------------------
എന്‍റെ മണ്‍വീണയും പാട്ടുമായിയിന്നുഞാന്‍
നിന്‍റെ പുല്ലാംക്കുഴല്‍ തേടിവന്നു.
ചാരെയിരുന്നുഞാന്‍ പാടിയരാഗങ്ങള്‍
ഈണങ്ങള്‍ ചേര്‍ത്തു നീ ഗാനമാക്കി.
നോവുറങ്ങുന്നൊരു താരാട്ടുപ്പാട്ടിനു
താളലയങ്ങളാല്‍ മാല കോര്‍ത്തു.
സ്നേഹം വെടിഞ്ഞു പറന്നോരാത്മാവിന്‍
നോവിന്‍റെ സംഗീതം ചേര്‍ത്തുവെച്ചു.
കിങ്ങിണി കൊഞ്ചലും കൊഞ്ചും മൊഴികളും
അമ്മതന്‍ വറ്റാത്ത കണ്ണുനീരും
ചാരെ ചിരിക്കുന്ന പൂവിന്‍ദളത്തിന്‍റെ
അറിയാതൊഴുകുന്ന വേദനയും .
ചാറ്റല്‍മഴയില്‍ പൊഴിയുന്ന മാമ്പൂവിന്‍
പൊലിയുന്ന മോഹശതങ്ങളിലും.
എന്‍റെ മണ്‍ വീണതന്‍ രാഗങ്ങള്‍ നല്‍കിഞാന്‍
നിന്‍റെ പുല്ലാംക്കുഴല്‍ ശ്രുതികളാക്കാന്‍.
എന്‍റെ മനസ്സും മനസ്സിലെപ്പാട്ടുംമായി
നിന്‍റെ പുല്ലാംക്കുഴല്‍ തേടിവന്നു.
സ്വപ്നങ്ങളുണ്ടതില്‍ ജീവിതമുണ്ടതില്‍
ദു:ഖങ്ങളെരിയുന്ന കനലുമുണ്ടിന്നതില്‍...
കിട്ടാതകന്ന സ്നേഹ തുടുപ്പുകളുണ്ടതില്‍
പൊട്ടിച്ചെറിഞ്ഞ വിശ്വാസങ്ങളുണ്ടതില്‍..
പറയാന്‍ കൊതിക്കുന്ന വാക്കുകളുണ്ടതില്‍
മിഴിനീരില്‍ കുതിര്‍ന്ന ഗദ്ഗദമുണ്ടതില്‍..
ഇന്നിറങ്ങുന്നുവെന്‍ വീണയുംപ്പാട്ടുമായി
എന്മുന്നില്‍ നീളുന്ന വിജനമാം വീഥിയില്‍
എനിക്കായി ഒരുക്കിയോരാല്‍ത്തറയുണ്ടേങ്ങോ
അവിടെമീട്ടുന്നു എന്‍റെ മണ്‍വീണഞാന്‍..
No comments:
Post a Comment