Thursday, 18 October 2012

നിന്നെത്തേടി




ഇലകള്‍പ്പൊഴിച്ചു നഗ്നരായി നില്‍ക്കുന്ന
മരങ്ങള്‍ക്കിടയിലൂടെ പഥികരുടെകാല്‍പ്പാടുകള്‍ 
മാഞ്ഞ വീഥികളിലൂടെ, നീരോട്ടം നിലച്ചയരുവികളുടെ
ഹൃദയത്തിലൂടെ വര്‍ഷങ്ങളായി നിന്നെ തെരഞ്ഞു .
പുലരിയുടെ വെള്ളി പ്രഭയാര്‍ന്ന വെളിച്ചത്തില്‍,
ഉച്ച വെയിലിന്റെയുരുകുന്ന തീക്ഷ്ണതയില്‍, 
സന്ധ്യയുടെപൊന്‍ തിളക്കത്തില്‍ പിന്നെ 
രാത്രിയുടെ കാളിമയിലും നിന്നെത്തേടി ഞാനലഞ്ഞു.

കാത്തിരുന്നു ഞാനോരോമാത്രകളിലും
നിന്റെ സ്വയമെഴുന്നുള്ളത്തിനായി.
നീ വന്നതും പോയതുമറിഞ്ഞിരുന്നില്ല.
എന്റെ കണക്കുകൂട്ടലുകളെത്തെറ്റിച്ചു 
ഹരിക്കുകയും ഗുണിക്കുകയും ചെയ്തപ്പോള്‍ 
നീ കണ്ടിരുന്നോ ശ്വാസംകിട്ടാതെ പിടച്ച സ്വപ്നങ്ങളെ. 
അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ക്കുകാവല്‍ നിന്ന
മനസ്സിലും പേനയിലും നീ കുടിയിരിക്കുകയായിരുന്നു. 

നിന്‍റെ അളന്നു മുറിച്ച വാക്കുകള്‍ നിശബ്ദതക്കു
വിരാമാമിടുമ്പോള്‍ ഓര്‍മകളിലെ നരച്ചരേഖാ 
ചിത്രങ്ങള്‍കാട്ടി നീയെന്നെ പ്രോലോഭിപ്പിക്കും.
കാലം തെറ്റി പൊഴിഞ്ഞുതിര്‍ന്ന മഴയില്‍ നനഞ്ഞു
കുതിര്‍ന്നു നീ കയറി വന്നതും നിന്‍റെ യൌവനത്തിന്‍
നിന്മ്നോന്നതങ്ങളിലെന്റെ കണ്ണുകള്‍ ഉടക്കി നില്‍ക്കുമെന്നും 
നിന്‍റെ വികാരാര്ദ്ര സ്വരമേളങ്ങളിലെന്റെ കാതുകള്‍ 
കാത്തു നില്‍ക്കുമെന്നും നീ വ്യാമോഹിച്ചു.

കാലം ചിതലെടുത്ത ചില നിമിഷങ്ങളില്‍ ഞാന്‍ അറിഞ്ഞു 
നീയെന്നില്‍ വളര്‍ന്നു വരുന്നയൊരു തീക്കനലാണെന്ന്.
നിന്നെ ഊതി ഊതി ഒരുക്കി പന്തങ്ങളാക്കി ഓരോ കരങ്ങളിലും 
ഏല്‍പ്പിച്ചു കൊടുക്കുവാന്‍ നിന്നെ കണ്ടെത്തിയെ മതിയാവു.
ഒരു പുതിയ ആകാശത്തിനു വേണ്ടിയൊരു പുതിയ ഭൂമിക്കു വേണ്ടി.

No comments:

Post a Comment