Thursday, 18 October 2012

ദൈവം ഉണര്‍ന്നപ്പോള്‍



-------------------------------
നിശബ്ദതയുടെ കാലടികള്‍ക്ക് 
കൊടുംക്കാറ്റിന്റെ വേഗത വന്നപ്പോള്‍ 
കഴുത്തില്‍ കിടന്ന കയറിന്റെ അഗ്രത്തുനിന്നും
ഒരുനോട്ടം പറന്നുവീണു ഞങ്ങള്‍ തമ്മിലുള്ള 
ദൂരത്തിന്റെ അളവെടുക്കാന്‍.

ഉറഞ്ഞ മഞ്ഞിന്റെ മരവിപ്പു സിരകളില്‍ 
രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നപ്പോള്‍
ജീവിത വീഥിയിലെ കര്‍മ്മവിളക്കുകള്‍ 
ഓരോന്നായി തെളിഞ്ഞു വന്നു.

അയല്‍ക്കാരന്റെ അതിരുമാന്തി 
സര്‍വേക്കാല്ലിന്റെ സ്ഥാനം തെറ്റിച്ചു 
തിരിഞ്ഞു നോക്കിയപ്പോള്‍ അതിനു
നീണ്ടു നിവര്‍ന്നു കിടക്കാന്‍ ഉള്ള
ആറടി പോലും തികഞ്ഞിരുന്നില്ല.

അവന്റെ അടുപ്പില്‍നിന്നും നിത്യേന
ഉയരുന്നു പുകയില്‍ കണ്ണു നീറിയപ്പോള്‍
കോഴിമുട്ടയില്‍ കൂടോത്രം ചെയ്തവന്റെ
നടുമുറ്റത്തു കുഴിച്ചിട്ടു, ദീര്‍ഘശ്വാസം വിട്ടു,
സുന്ദരിയായവന്റെ വാമഭാഗത്തിനു 
കൈവിഷം കൊടുത്തുച്ചിത്തഭ്രമംവരുത്തി. 

രണ്ടു നേരം പിടിപ്പതു പാല്‍ ചുരത്തിയിരുന്ന 
കറവപപശുവിനെ രാത്രിക്കു രാത്രി 
അറവുശാലയിലെത്തിച്ചു പിറ്റെദിവസത്തെ 
ഉച്ചയൂണ് മൃഷ്ടാന്നാമാക്കിയപ്പോള്‍ മനസ്സിന്റെ 
വല്ലാത്തൊരു സുഖത്തില്‍ സപ്രമഞ്ചത്തില്‍.

ചിത്രഗുപ്തന്റെ കണക്കുപ്പുസ്തകത്തിലെ
ആദ്യ താളിയോലയില്‍ ആദ്യ വരിയില്‍
കുറിച്ചിരിക്കുമെന്നു, വെള്ളി ചെല്ലത്തില്‍നിന്നും
മുറുക്കാനെടുത്തുചവച്ചു നടുമുറ്റത്തുനീട്ടിത്തുപ്പി
ചാരുകസേരയില്‍ ചാഞ്ഞിരുന്നപ്പോള്‍ 
ഓര്‍ത്തിരുന്നില്ല, ഇങ്ങിനെയൊരുനാള്‍.

അര്‍ദ്ധനാരിശ്വരനെപോലെ രണ്ടു വ്യക്തിത്വങ്ങള്‍
ഒന്നായപോലെ പാലും വിഷവും പാതി മെയ്യാക്കിയ
വൈതരണിയുടെ മാറിടത്തില്‍ കാലമര്‍ത്തി നിന്നപ്പോള്‍
കണ്ടുയിരുവശങ്ങളിലായി സ്വര്‍ഗ്ഗവും നരകവും. 

പിന്നെ ചിത്രഗുപ്തന്റെ ന്യയാസനവാതില്‍ കടന്നു
പ്രതികൂട്ടില്‍ നില്‍ക്കവേ ഉയര്‍ന്നുകേട്ടു അശരീരിയില്‍
വിധി തീര്‍പ്പായി സ്വര്‍ഗത്തിലേക്കുള്ള സ്ഥാനമാറ്റം.

തിരിഞ്ഞു നോക്കുമ്പോള്‍ വൈതരണിപ്പുഴയുടെ
മറുകരയില്‍ ശൂലത്തിലെറ്റിയ ദേഹികളുടെ നിര.
മനസ്സിലൊരു ഞെട്ടല്‍ ഉണര്‍ത്തി.

പള്ളിമേടകളില്‍ സുഖിച്ചുവാണ തിരുമേനിമാരും
മഠംങ്ങളിലെ അകത്തളങ്ങളില്‍ ആലസ്യത്തില്‍ 
അമര്‍ന്ന അധിപന്മാരും 
നീട്ടിവളര്‍ത്തിയത്താടിയില്‍ തലോടി
വേദ വാക്യങ്ങള്‍ ഉരുവിടുന്ന മുക്രിമാരും.
ദൈവത്തിന്റെ പേരില്‍ പാദസേവക്കുള്ള ദൈവശിക്ഷ . 
വിശ്വാസിയെ വഞ്ചിച്ചതിന്റെ ശിക്ഷ.

ഇതിന്റെ മുന്നില്‍ നിന്റെ തെറ്റുകള്‍ നിസ്സാരങ്ങള്‍. 
അവര്‍ ദൈവത്തിനൊപ്പം വളര്‍ന്നവര്‍
ദൈവത്തിന്റെ പ്രതിപുരുഷന്മാര്‍.
ഇവിടെ നിനക്കു സമാധാനം 
ആത്മാവിനു നിത്യ ശാന്തി 
ഓം ശാന്തി ഓം ശാന്തി.

No comments:

Post a Comment