രണ്ടു മുഖങ്ങളെന്റെ ഉടലിനോടു
ചേര്‍ത്തുവെച്ച ദൈവത്തിനോടെനിയ്ക്കു
പകയാണ് .
വര്‍ത്തമാനകാലത്തില്‍
പാദങ്ങളൂന്നി ഭൂതകാലത്തിന്റെ
മുഴുവന്‍ ദുരന്തങ്ങളെയും
മനസ്സിലേറ്റി സന്തോഷത്തിന്റെ
നിമിഷങ്ങളെ ആവാഹനം ചെയ്തു
ചിരിക്കാനൊരു മുഖം തന്നതിന്.
പിന്നോട്ടും മുന്നോട്ടുമാടുന്നയൊരു
പെന്‍ഡുല മനസും നാല് മിഴികള്‍
ചേര്‍ത്തുവെച്ചെന്നെയൊരു
കണ്ണാടിയാക്കിയത്തിനു.
പിന്തിരിഞ്ഞു നോക്കുമ്പോള്‍ കാണുന്ന
നിഴലുകള്‍ നോവുകള്‍ പിന്നെയതിന്റെ
പേരില്‍ തീറ്റിപ്പോറ്റിയ ബാധ്യതകള്‍.
കനത്ത മൂടല്‍ മഞ്ഞിന്റെ മാറില്‍ നിന്നു
ഉയര്‍ന്നു കേള്‍ക്കുന്ന ദീനവിലാപങ്ങള്‍
കാമവെറിയുടെ ചോരപ്പാടുകള്‍.
അതിനെതിരെ ഉയരുന്ന യുവമനസുകളുടെ
പ്രതിഷേധത്തിന്റെ മുറവിളികള്‍
മിഴികളില്‍ നന്മയുടെ മരം വളര്‍ത്തുന്നു.
ഭാവിയിലോട്ടു നീളുന്ന മുഖത്തില്‍
ഉറപ്പിച്ചു നിര്‍ത്തിയ മിഴികളില്‍
കാഴ്ചകള്‍ അവ്യക്തയുടെ മൂടല്‍മഞ്ഞില്‍
ദൃഷ്ടി ഗോചരമല്ലാത്ത സ്ഥൂലസൂക്ഷമ
ശരീരികള്‍ നിറഞ്ഞാടിയ വീഥികള്‍ പോലെ.
ശിഥിലമായ വിജനാമായ ഭാവിയുടെ
ഇരുണ്ട ഇടനാഴികളില്‍ ഭയപ്പെടുത്തുന്ന
നിരാശയുടെ പാദ ചലനങ്ങള്‍ .
കടല്‍ കടന്നോടിയടുക്കുന്ന ദുഷ്ടതകള്‍
ഭീതിയോടെ ഭാവിയെയുറ്റു നോക്കുന്ന
യുവത്വങ്ങള്‍, ഭയത്തെ
പുണരുന്ന അമ്മ മുഖങ്ങള്‍.
ഇതെന്നുമിനി ആവര്‍ത്തിക്കില്ല
എന്നൊരു നിശ്ചയമില്ലാത്ത
മേലാളന്‍മ്മാര്‍ക്കു കീഴെ
ഉറപ്പില്ലാത്ത അസ്ഥിവാരത്തില്‍
കഴിയാന്‍ വിധിക്കപ്പെട്ടവരുടെ
നിഷ്കളങ്ക മുഖങ്ങള്‍
കനത്ത ഭാരം ചുമലീലേ ന്തി
നടന്നു നീങ്ങുന്ന മനസ്സുകള്‍.
അപ്പോള്‍ ഞാന്‍ അറിയാതെ
ദൈവത്തെ ശപിക്കുന്നു.
രണ്ടു മുഖങ്ങളെന്റെയുടലില്‍
ചേര്‍ത്തുവെച്ചതിനു.
ഇഹത്തിലും പരത്തിലുമെന്റെ
സ്വസ്ഥതകള്‍ നശിപ്പിച്ചതിന്
പ്രതീകരിക്കാത്ത മനസ്സുകളള്‍ക്ക്
സ്തുതി പാടേണ്ടി വരുന്നതിന് .
No comments:
Post a Comment